Saturday, August 8, 2020

മനുഷ്യജീവൻറെ വില തിരിച്ചറിഞ്ഞവർ

ആ വണ്ടികളെടുത്ത് ചീറിപ്പാഞ്ഞവരിൽ, യാത്രക്കിടയിൽ വണ്ടിക്കുള്ളിൽ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം വീണതിന് ഭാര്യയെയും മക്കളെയും ചീത്ത പറഞ്ഞവരുണ്ടാവില്ലേ?
"നിങ്ങൾക്ക് എന്നെക്കാൾ വലുത് ഈ വണ്ടിയാണോ?" എന്ന ഭാര്യയുടെ പരിഭവും ദേഷ്യവും നിറഞ്ഞ ചോദ്യം കേട്ടവരുണ്ടാവില്ലേ?
വണ്ടി കഴുകുമ്പോൾ ബോഡിയിൽ കണ്ട സ്ക്രാച്ച് എങ്ങനെയാണുണ്ടായതെന്നോർത്തു ഉറക്കം നഷ്ടപ്പെട്ടവരുണ്ടാവില്ലേ?
വണ്ടി വീട്ടിലുള്ളപ്പോഴും മീൻ വാങ്ങാൻ ഓട്ടോ പിടിച്ചു പോയവരും ഉണ്ടായേക്കാം...

എന്നാൽ, നാം കഷ്ടപ്പെട്ട് സമ്പാദിച്ച് അതിലേറെ കഷ്ടപ്പെട്ട് മെയിന്റൈൻ ചെയ്യുന്ന  വസ്തുക്കളെക്കാൾ, അതിനി എത്ര ലക്ഷം മതിപ്പുള്ള്താണെങ്കിലും ശരി, വിലയും പ്രാധാന്യവും ഒരു പരിചയവുമില്ലാത്ത അന്യന്റെ ജീവനുണ്ടെന്ന ഈ ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്, അവന്റെ ഹൃദയത്തെ സുന്ദരമാക്കുന്നത്..

സ്വന്തം ജീവൻ പോലും പണയം വച്ച്, രാജമലയിൽ മണ്ണ് വകഞ്ഞ് മാറ്റി അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകൾ തേടുന്നവരെയോ, എതു നിമിഷവും കത്തിയമർന്നേക്കാവുന്ന വിമാനത്തിലേക്ക് ഓടിക്കയറിയവരെയോ മറന്നിട്ടല്ല, പക്ഷേ ബി എം ഡബ്ലിയു മുതൽ മാരുതി 800 വരെ ഇങ്ങനെ ചീറിപാഞ്ഞത് കണ്ടപ്പോൾ തോന്നിപ്പോയതാണ്... 

- അബൂ മിസ്അബ്

Wednesday, August 5, 2020

രാമരാജ്യവും രാമക്ഷേത്രവും തമ്മിലെന്ത് ബന്ധം?

സോ കോൾഡ് രാമരാജ്യവും ഈ പണിയുന്ന രാമക്ഷേത്രവും തമ്മിലുള്ള ബന്ധം എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ല...

പ്രിയങ്ക ഗാന്ധി മുതൽ കെജ്‌രിവാൾ വരെയും കമൽനാഥ് മുതൽ നരേന്ദ്ര മോഡി വരെയും ഇനി എല്ലാം ശരിയാകും എന്ന് പറയുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? നാളെ മുതൽ പാർലമെന്റ് അയോധ്യയിലേക്ക് മാറ്റുമോ, അതോ രാജ്യതലസ്ഥാനമായി പ്രഖ്യാപിക്കുമോ?

ഒരു ക്ഷേത്രനിർമ്മാണത്തിൻറെ തറക്കല്ലിടൽ ഒരു മതേതതര രാജ്യത്തിൻറെ പുരോഗതിയെയും വികസനത്തെയും എങ്ങനെയാണ് സ്വാധീനിക്കുക എന്ന് കൂടി ഈ കൊട്ടിഘോഷിക്കപ്പടുന്ന മതേതരവാദികളും വികസന നായകൻമാരും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണ്ടേ? 

ഇനി അത് ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ(നരേന്ദ്ര മോഡിയുടെ അല്ല) വിശ്വാസമാണെങ്കിൽ, ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന് എന്തിനാണ് ഒരമാന്തം? 

അബ്ദുറബ്ബിന് നിലവിളക്ക് കൊളുത്താതെ മാറി നിൽക്കാൻ അവകാശമില്ലാത്ത ഈ രാജ്യം, ഒരു മുസ്ലിം പള്ളി പൊളിച്ച് അവിടെ നിർമ്മിക്കുന്ന ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുകയും അതിന് ശേഷം അത് രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കുകയും ചെയ്ത പ്രധാനമന്ത്രിയുള്ള, അത് മാലോകരെ മൊത്തം തത്സമയം കാണിക്കുന്ന സർക്കാർ ചാനലുള്ള ഈ രാജ്യം മതേതരമെന്നത് വെറും അലങ്കാരപദമായി കൊണ്ടു നടക്കുന്ന ഒരു ഹിന്ദു രാഷ്ട്രമായി എന്നോ മാറിക്കഴിഞ്ഞു.. അതേ,
"ഷാജിയേട്ടാ നമ്മളറിയാതെ 
നമ്മളൊരു ഹിന്ദു രാഷ്ട്രമായി മാറിയിരിക്കുന്നു" 

ന്യായമായ ഒരു സംശയമാണ്..
ഇപ്പോഴുള്ള ഭരണഘടനയെ തുരങ്കം വയ്ക്കാതെ, മാന്യമായി ഭരിച്ചാൽ ഇവരിപ്പറയുന്ന രാമരാജ്യമാകില്ലേ ഇത്? 

ഇതിപ്പോ രാമരാജ്യത്തിൻറ ശിലാസ്ഥാപനം തന്നെ അനധികൃതമായി കയ്യേറിയ ഭൂമിയിൽ അനീതിയുടെ കല്ല് പാകിക്കൊണ്ടല്ലേ? പിന്നിവിടെ എന്ത് നീതി, എന്ത് സമാധാനമുണ്ടാകുമെന്നാണ് ഈ തള്ളി മറിക്കുന്നത്!! 

- അബൂ മിസ്അബ്

Thursday, July 16, 2020

ജനങ്ങൾക്ക് മാത്രം വേണ്ട നീതി...

ജനങ്ങൾക്ക് മാത്രം വേണ്ട നീതി...

ഒരു നാലാം ക്ലാസുകാരി കുരുന്നിനെ പീഡിപ്പിച്ചു എന്ന് പരാതി കിട്ടിയപ്പോൾ, നിലവിലെ നിയമങ്ങളെ കാറ്റിൽ പറത്തി ഏമാൻമാരുടെ സവിധത്തിൽ വരുത്തിച്ച് മൂന്നും നാലും വട്ടം വിശദമായ ചോദ്യം ചെയ്യൽ.. എന്തെങ്കിലുമൊക്കെ വൈരുദ്ധ്യം കണ്ടുപിടിക്കണ്ടേ?

അവിടെ കഴിഞ്ഞു...

പിന്നെ, പ്രതിയെ പിടിക്കാൻ ജനങ്ങൾ തെരുവിലിറങ്ങി കൊടി പിടിക്കണം, കാരണം നീതി വേണ്ടത് അവർക്കാണല്ലോ!!

ഏമാൻമാർ ആ കുറ്റപത്രം ഒന്ന് കോടതിയിൽ  സമർപ്പിക്കണമെങ്കിൽ, ജനങ്ങൾ സോഷ്യൽ മീഡിയയിൽ തൊള്ള പൊട്ടിക്കണം, കാരണം നീതി വേണ്ടത് അവർക്കാണല്ലോ!!

ഈ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി സമർപ്പിക്കുന്ന കുറ്റപത്രത്തിൽ വകുപ്പുകളൊക്കെ ശരിയാംവണ്ണം ചേർത്തിട്ടുണ്ടോന്ന് നോക്കാൻ, ജനങ്ങൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം, കാരണം നീതി വേണ്ടത് അവർക്കാണല്ലോ!!

ശ്രീ പിണറായി വിജയൻ, ഔദ്യോഗികമായി താങ്കളാണ് ഈ നാടിന്റെ ആഭ്യന്തരമന്ത്രി എന്നറിയാൻ കഴിഞ്ഞു. പക്ഷേ അണികളുടെ പുകഴ്ത്ത്പാട്ട് കേട്ടാൽ, ഇപ്പോൾ അത് നിങ്ങളാണെന്ന് തോന്നുന്നില്ല. അതാരാണെന്ന് അങ്ങ് വ്യക്തമാക്കണം. ജനാധിപത്യ സംവിധാനത്തിൽ ഞങ്ങളെ ഭരിക്കുന്നതാരാണെന്ന് അറിയാനുള്ള അടിസ്ഥാനപരമായ അവകാശം ഞങ്ങൾ ജനങ്ങൾക്കുണ്ട്...

ശ്രീമതി k.k.ഷൈലജ, ഇനിയാരെങ്കിലും ടീച്ചറെന്നോ ടീച്ചറമ്മയെന്നോ വിളിക്കുമ്പോൾ, അർഹതയില്ലാത്തതെന്തോ ചാർത്തിക്കിട്ടുമ്പോൾ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ജാള്യത മറച്ചുപിടിക്കാൻ ശ്രമിക്കൂ...

നീതി ഞങ്ങളുടെ അവകാശം മാത്രമല്ല, നിങ്ങളുടെ കടമയുമാണ്!!!

- അബൂ മിസ്അബ്

Monday, June 22, 2020

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

"വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന പേര് എന്നും ആവേശമാണ്.. 

ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കിയിരുന്ന ബ്രിട്ടീഷുകാരനെ കിടുകിടാ വിറപ്പിച്ച ആ ആദർശത്തെയും, ചോര വാർന്നൊലിക്കുംപോഴും തല ഉയർത്തിപ്പിടിച്ച് നടക്കാൻ പ്രേരിപ്പിച്ച, ആ ഹൃദയം നുകർന്നിരുന്ന വിശ്വാസത്തെയും ചരിത്രബോധം ഉണ്ടായ കാലം മുതൽക്കേ അത്ഭുതത്തോടെയും കൊതിയോടെയും നോക്കി നിന്നിട്ടുണ്ട്..

പലപ്പോഴും ആ വീരേതിഹാസത്തിലെ ഏടുകൾ ആത്മാഭിമാനത്തിൻറ പരകോടിയിലെത്തിച്ചിട്ടുണ്ട്...

വ്യക്തിപരമായി ഇനിയൊരു അവതരണമോ, പരിചയപ്പെടുത്തലോ ഒരാവശ്യവുമില്ല.

പക്ഷേ, ഇവിടെയും ചരിത്രം വളച്ചൊടിക്കപ്പെട്ടില്ലെന്കിൽ, ആ മഹാമനീഷിയെ ഇല്ലാതാക്കാൻ ബ്രിട്ടീഷ്കാരനും അവർക്ക് കുഴലൂതിയ ജൻമി തന്ബുരാക്കൻമാരും അവിഹിത വേഴ്ച കൂടി മെനഞ്ഞെടുത്ത കള്ളക്കഥകളിൽ അഭിരമിച്ച്, ഒരുളുപ്പുമില്ലാതെ അതിങ്ങനെ വിളിച്ച് പറഞ്ഞ് ആത്മരതി കൊള്ളുന്നവർക്ക്, പറയാനൊരു ചരിത്രമില്ലാതെ അസൂയ കൊണ്ട്  അന്ധത ബാധിച്ചവർക്ക് ഇത് ഒരു സുവർണാവസരമാണ്.. 

എഴുതിയ പേനയ്ക്കും വാക്കുകളേറ്റുവാങ്ങിയ കടലാസിനും വരെ ലജ്ജ തോന്നത്തക്ക നിലയിൽ നിരന്തരം മാപ്പുകളെഴുതിയിട്ടും സ്വയം വീരനെന്ന് വിശേഷിപ്പിച്ച ഭീരുക്കളുടെ  മിഥ്യാചരിതങൾ ഇനിയും എത്ര നാളിങനെ ആത്മനിന്ദ കൂടാതെ വിശ്വസിച്ചും പ്രചരിപ്പിച്ചും നടക്കും?

വരും തലമുറ ഊർജമുൾക്കൊണ്ടേക്കുമെന്ന് ഭയന്ന് ഒരു തുണ്ട് കടലാസിലെ തെളിവ് പോലും ബാക്കി വയ്ക്കാതെ നശിപ്പിച്ചിട്ടും, ചേതനയറ്റ ആ ശരീരം പോലും തങ്ങളുടെ നാശമാണെന്ന വിഭ്രാന്തിയിൽ അതും കത്തിച്ചു കളഞ്ഞിട്ടും, ആ പേര് ഇപ്പോഴുമിങനെ വിളങിനിൽക്കുന്നത് എന്തു കൊണ്ടെന്നറിയുമോ? 
ആ ചരിത്രം, സ്വന്തം ചോരയിൽ ആത്മാർത്ഥത ചാലിച്ച് ഈ മണ്ണിൽ എഴുതിയതാണ്.. എത്രയൊക്കെ മായ്ക്കാനും കുഴിച്ചു മൂടാനും നോക്കിയാലും അതിങ്ങനെ ഉയർന്ന് വന്ന് തലമുറകളോട് സംവദിക്കും. പഞ്ചപുഛവുമടക്കി കീഴടങലും നട്ടെല്ല് നിവർത്തി നിന്ന് ചെറുത്തു നിൽക്കലും എന്താണെന്ന് വിവേകമുള്ളവർ തിരിച്ചറിയും..

- അബൂ മിസ്അബ്

തൊട്ട് താഴെക്കാണുന്ന ലിങ്ക്, ഹാജി ജനങ്ങളോട് നടത്തിയ ഒരു പ്രസംഗത്തിൻറ പ്രസക്ത ഭാഗങ്ങളാണ്

https://m.facebook.com/story.php?story_fbid=4310707345613750&id=100000235816784

Tuesday, May 26, 2020

യാത്രയിലാണ്.....

നാമെല്ലാവരും ഒരു യാത്രയിലാണ്. എവിടെ എപ്പോൾ എങ്ങനെ അവസാനിക്കുമെന്ന് യാതൊരുറപ്പുമില്ലാത്ത ഒരു യാത്ര. ഒരു ഉടമസ്ഥന്റെ കല്പനപ്രകാരം അടിമ നടത്തുന്ന യാത്ര. വഴിയിലുടനീളം മുന്നിലേക്ക് വരുന്ന സന്ദർഭങ്ങളിൽ ആ ഉടമസ്ഥന്റെ നിർദേശം അനുസരിക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം. തണൽ ലഭിക്കുന്ന വേളയിൽ ഉടമസ്ഥനോട് നന്ദി കാണിക്കുക, വെയിലേറ്റു നടക്കേണ്ടി വരുമ്പോൾ ക്ഷമിച്ചു ഉടമസ്ഥനിലേക്ക് മടങ്ങുക. 

അത് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് യാത്ര തീരുന്നിടത്തു സ്വീകരിച്ചാനയിക്കാൻ വഴിയിലെവിടെയും കണ്ടിട്ടില്ലാത്ത മനോഹരമായ പൂക്കളുമായി ഉടമസ്ഥന്റെ മറ്റൊരു കൂട്ടം  അടിമകൾ സേവനസദ്ധരായി കാത്തുനിൽക്കുന്നുണ്ടാകും. ഓരോരുത്തരും ഉടമസ്ഥൻ അവനായി ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങളുടെ കലവറകളെപ്പറ്റി വാചാലനാകും. എല്ലാത്തിനും മുകളിൽ യാത്രയിലുടനീളം തന്നെ സംരക്ഷിച്ച ആ ഉടമസ്ഥനെ നേരിൽ കാണാനാകുമെന്ന തിരിച്ചറിവ് അവന്റെ ഹൃദയത്തെ പുളകം കൊള്ളിക്കും , ആ വിവരണാതീതമായ നിമിഷത്തിനായി അത് വെമ്പൽ കൊള്ളും. പക്ഷെ അതിനു മുൻപ് എല്ലാ പ്രതിസന്ധികളെയും ഉടമസ്ഥന് വേണ്ടി സഹിച്ച ക്ഷമിച്ച, അവനെ വിശ്രമത്തിനായി സ്വർഗീയ ആരാമങ്ങളിൽ ഒന്നിലേക്ക് അവനെ ആനയിക്കും. തന്റെ ഉടമസ്ഥനെ കണ്ടുമുട്ടുന്ന ആ അസുലഭ നിമിഷം മനസ്സിൽ താലോലിച്ചു ഒരു പുതുമാരനെ പോലെ അവൻ ഉറങ്ങും.
       
യാത്രക്കിടയിൽ ചുറ്റുമുള്ള കാഴ്ചകൾ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ടാവും. പക്ഷെ തന്റെ  ഉടമസ്ഥനെ മറക്കാതെ, ലക്‌ഷ്യം മറക്കാതെ, യാത്ര തീരുന്നിടത്തു നിന്നു തുടങ്ങുന്ന പുതിയ യാത്രയുടെ പ്രതീക്ഷയിൽ മുന്നോട്ടു നീങ്ങുന്നവർ വിജയിക്കും.തണലിൽ ആശ്വസിയ്ക്കുമ്പോഴും വെയിലേറ്റു വാടുമ്പോഴും ആ പ്രതീക്ഷ നിന്റെ ഉള്ളം കുളിർപ്പിക്കും. അപ്പോൾ സുഖത്തിലും ദുഖത്തിലും ഈ യാത്ര നിനക്ക് ഒരുപോലെ ആനന്ദദായകമായിരിക്കും.

യാത്രയുടെ അവസാന നിമിഷം മാത്രം നിന്നെ ഭ്രമിപിപ്പിക്കട്ടെ, കൊതിപ്പിക്കട്ടെ... 

 

Monday, May 25, 2020

ഉമ്മാക്കും ഉപ്പാക്കും...

ഉമ്മാ, ഇങ്ങടെ കണ്ണീരിനും,

ഉപ്പാ, ഇങ്ങടെ വിയർപ്പിനും

പകരം നൽകാനില്ലൊന്നുമെൻ കയ്യിൽ.

ഒന്നുമാകില്ലെന്നറികിലും പകരം നല്കുന്നു ഞാനീ ജീവിതം.

എന്നാൽ ഈ ജീവിതം പോലും നിങ്ങടെ ദാനമെന്നറിയുംപോൾ
ചെറുതാകുന്നു ഞാൻ പിന്നെയും.

നിങ്ങളാകുന്ന വന്മരങ്ങൾക്കു മുൻപിൽ,
ധൂളിയോളം ചെറുത് ......

പള്ളികൾ പൊളിക്കപ്പെടും...

പള്ളി അവരുടെ ഒരു വീക്ക്നെസ്സ് ആണ്, കാണുംപോൾ പൊളിക്കാൻ കൈതരിക്കും...

പിന്നെ മലയാളികൾ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് അന്തം വിട്ട് കുന്തം വിഴുങ്ങുന്ന നിഷ്കുകൾ അറിയാൻ,
27 വർഷം മുൻപ് അങ് അയോധ്യയിൽ ഒരു പള്ളി പൊളിച്ചപ്പോ, നല്ല കിണ്ണം കാച്ചിയ മലയാളി 'ഷേവ'കർ, 'ഷേവ'യ്ക്ക് പോയിരുന്നതാണ്..

ഇതിപ്പോ സിനിമാ സെറ്റായിപ്പോയി... യഥാർത്ഥ പള്ളിയെങാനും ആയിരുന്നെങ്കിൽ പൊന്നാട, ജെണ്ട്, റീത്ത്,നോട്ട്മാല, നാരങ്ങ എന്നിവ നൽകി സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ഇവിടെ ആളുകളുണ്ടാകുമായിരുന്നു..

ശശികല ടീച്ചർമാർക്ക് മുൻപിലിരിക്കുന്ന മണ്ടശിരോമണികളെ കോൾമയിർ കൊള്ളിക്കാൻ ഒരു വിഷയമായേനെ...

UAPA എന്നും പറഞ്ഞ് എന്തോ ഒരു സാധനം ഉണ്ടാർന്നല്ലോ... അതിപ്പൊഴും ഉണ്ടല്ലോല്ലല്ലല്ലേ.....

                                                 - അബൂ മിസ്അബ്